Kerala
കണ്ണൂർ: തന്റെ പുസ്തക പ്രകാശനത്തിനു മുമ്പ് പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളുമായി ബന്ധപ്പെട്ട കണക്കുകൾ സിപിഎം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ. തന്റെ പുസ്തക പ്രകാശനം മാറ്റിവച്ചിട്ടില്ല. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ല. അഞ്ചു വർഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുന്നു. എന്നാൽ ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താൻ പാകത്തിലൊരു കണക്ക് പാർട്ടി കമ്മിറ്റിയിൽ എവിടെയും പറഞ്ഞിട്ടില്ല.
ഇപ്പോൾ തന്നെ പുറത്താക്കാൻ ചേർന്ന കമ്മിറ്റിക്ക് ശേഷം ഏരിയ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാകാം ജില്ലാ കമ്മിറ്റി ഇപ്പോൾ കണക്ക് പുറത്ത് വിടുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഇനി തന്റെ പുസ്തകം പുറത്തുവരട്ടെ അതിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ച് കണക്ക് തയാറാക്കാം എന്ന നിലപാടാണ് പാർട്ടിക്ക് ഉള്ളതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്റെ പുസ്തക പ്രകാശന ചടങ്ങിന് മുൻപായി കണക്കുകൾ ജനങ്ങളെ അറിയിക്കാൻ പാർട്ടി തയാറാകണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി വി. കുഞ്ഞികൃഷ്ണന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഹർജിയിൽ എതിർ കക്ഷികളായ സിപിഎം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എംഎൽഎ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനു സംരക്ഷണം ആവശ്യപ്പെട്ടാണ് കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചത്.
ചടങ്ങ് തടസപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ഹർജിയിൽ പറയുന്നു.
ജനുവരി 26ന് സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും പടക്കം എറിയുകയും ചെയ്തു.
തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്ത് പ്രസന്നന്റെ ബൈക്ക് വീടിനു മുന്നിൽ വച്ച് കത്തിച്ചതായും ഹർജിയിൽ കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.